പാലാ: കെ.എം. മാണി സ്മാരക ഗവണ്മെന്റ് ജനറല് ആശുപത്രിയില് നിലവിലുണ്ടായിരുന്ന കാര്ഡിയോളജി, നെഫ്രോളജി, ന്യൂറോളജി ഉള്പ്പെടെയുള്ള വിഭാഗങ്ങളില് ഡോക്ടര്മാരില്ലെന്ന പരാതിയില് സത്വര നടപടി സ്വീകരിക്കുമെന്ന് മന്ത്രിയുടെ നിര്ദേശത്തെത്തുടര്ന്ന് ആരോഗ്യവകുപ്പ് ഡയറക്ടര് ഉറപ്പു നല്കി.
സൂപ്പര് സ്പെഷാലിറ്റി ചികിത്സാ വിഭാഗങ്ങള് എത്രയും വേഗം പുനരാരംഭിക്കണമെന്ന് ആരോഗ്യമന്ത്രി വിളിച്ചുചേര്ത്ത ആരോഗ്യവകുപ്പിനായുള്ള കായകല്പ്പം ജനസമ്പര്ക്ക പരിപാടിയില് മുന് ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സണ് മാന്തോട്ടം ആവശ്യപ്പെട്ടിരുന്നു. ഇന്നലെ കോട്ടയം സിഎംഎസ് കോളജിലാണ് ജനസമ്പര്ക്ക പരിപാടി നടന്നത്. ഈ വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടര്മാരെ പകരം ക്രമീകരണം ഏര്പ്പെടുത്താതെ മാറ്റിയതിനെത്തുടര്ന്നാണ് ചികിത്സാ വിഭാഗങ്ങള് ഇല്ലാതായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജോലി ക്രമീകരണവ്യവസ്ഥയില് ഫോറന്സിക് വിഭാഗം ഡോക്ടര് നിയമനം നടത്തുമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര് മറുപടി നല്കി.
ഡയഗ്നോസ്റ്റിക് കോംപ്ലക്സിലേക്ക് ഉപകരണങ്ങള്ക്കായി അനുവദിച്ച 4.25 കോടി രൂപയുടെ പുതിയ ഭരണാനുമതി ലഭ്യമാക്കുക, ബജറ്റില് വകയിരുത്തിയ പദ്ധതികള്ക്ക് ഭരണാനുമതി നല്കുക, സ്ട്രോക്ക് യൂണിറ്റ്, ഇന്ഫെര്ട്ടിലിറ്റി, ബ്ലഡ് ബാങ്ക്, ട്രോമാ കെയര് വിഭാഗങ്ങള് ആരംഭിക്കുക, കാന്സര് വിഭാഗത്തില് ഡോക്ടര് തസ്തികകള് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. നിവേദനങ്ങളിലും പരാതികളിലും ഉചിതമായ നടപടികളുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.